Tuesday, March 16, 2010

നിങ്ങളുടെ വാക്കുകള്‍ അവര്‍ക്ക് ഊര്‍ജ്ജം പകരുന്നതാകട്ടെ!

വളരെ യാദൃശ്ചികമായി സംഭവിക്കുന്ന ഒരു വീഴ്ചയിലോ വാഹനാപകടങ്ങളിലോ നട്ടെല്ലിനു ക്ഷതം പറ്റി അതുവരെ പരിചയിച്ചു പോന്ന ജീവിത രീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ മറ്റൊരു ജീവിതാവസ്ഥയില്‍ എത്തിച്ചേരുന്ന എത്രയോ ഹതഭാഗ്യര്‍ നമുക്ക് ചുറ്റുമുണ്ട് .
ആദ്യമൊക്കെ ചികിത്സകളില്‍ വിശ്വാസം അര്‍പ്പിച്ച് ആശുപത്രി കിടക്കയില്‍  മരുന്നിന്റെ മടുപ്പിക്കുന്ന ഗന്ധം ശ്വസിച്ച് കിടക്കുമ്പോള്‍
എത്രയും പെട്ടെന്ന്  പരിചയിച്ചു പോന്ന ആ പഴയ ജീവിതത്തിലോട്ട് തിരിച്ചു പോകാന്‍ പറ്റും എന്ന പ്രതീക്ഷയാകും അവര്‍ക്കുണ്ടാവുക .

എന്നാല്‍ അവര്‍ പതുക്കെ ആ സത്യം മനസിലാക്കും, ആധുനിക വൈദ്യശാസ്ത്രത്തിനും പരിമിതികളുണ്ട് എന്ന സത്യം. നട്ടെല്ലിനു പറ്റുന്ന ക്ഷതങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ പ്രയാസമാണ് എന്ന സത്യം അവര്‍ മനസിലാക്കും. അപ്പോള്‍  ജീവിതത്തോടു തന്നെ വെറുപ്പു തോന്നി തുടങ്ങും. ഒപ്പം ചുറ്റുമുള്ളവരുടെ സഹതാപ വാക്കുകള്‍ കൂടി ആകുമ്പോള്‍ അവര്‍ മാനസികമായും ആകെ തളര്‍ന്നു പോകും .

തന്നെക്കൊണ്ട് ഇനി ഈ സമൂഹത്തിനും , വീട്ടുകാര്‍ക്കും വേണ്ടി ഒന്നും ചെയ്യാനാകില്ല . താന്‍ ഇനി ഒരു ഭാരമാണ് മറ്റുള്ളവര്‍ക്ക്  എന്ന ചിന്തയാകും മനസ്സില്‍ തോന്നുക. വന്നു ചേര്‍ന്ന വിധിയെ പഴിച്ച് പിന്നീടുള്ള ജീവിതം നാലു  ചുവരുകള്‍ക്കുള്ളില്‍ തള്ളി നീക്കുകയാണ് പലരും ചെയ്യുക..

എന്നാല്‍ വളരെ ചുരുക്കം ചിലര്‍ തളരാത്ത മനസ്സും, ആത്മ വിശ്വാസവും കൈ മുതലാക്കി വന്നുചേര്‍ന്ന വിധിയോട് പൊരുതി ,വൈകല്യങ്ങളെ മറികടന്ന് ജീവിതത്തില്‍ മുന്നോട്ട് പോകുന്നു.

നിങ്ങളുടെ ജീവിത യാത്രയിലും ഇത്തരത്തില്‍ വിധിയുടെ ക്രൂരതക്ക് ഇരയായവരെ കണ്ടു മുട്ടിയേക്കാം. നിങ്ങള്‍  സഹതാപ വാക്കുകള്‍ പറഞ്ഞു അവരെ മാനസികമായി തളര്‍ത്താതിരിക്കുക . നിങ്ങളുടെ വാക്കുകള്‍ അവര്‍ക്ക് ഊര്‍ജ്ജം പകരുന്നതാകട്ടെ! അവരെ ഒന്നില്‍ നിന്നും മാറ്റി നിര്‍ത്താതിരിക്കുക, താന്‍ ഒറ്റപ്പെടുന്നു എന്ന തോന്നല്‍ അവര്‍ക്ക് വരുത്താതിരിക്കുക , വിധിയോട് പൊരുതി ജീവിക്കാന്‍ അവരെ പ്രേരിപ്പിക്കുക.


15 comments:

കുഞ്ഞൂസ് (Kunjuss) said...

അതെ, സഹതാപമൂറുന്ന വാക്കുകളെക്കാളും ഊര്‍ജ്ജം പകരുന്ന വാക്കുകള്‍ ആണ് എപ്പോഴും ആവശ്യം. ഒരു ഫീനീക്സ്‌ പക്ഷിയെപ്പോലെ, ജീവിതത്തിലേക്കു തിരിച്ചു വരാന്‍ അവയ്ക്ക് കഴിയും....നല്ല കൂട്ടുകാരും വീട്ടുകാരും എന്നും കൂടെയുണ്ടാവുകയും ചെയ്യും.തളരരുത്. മുന്നോട്ടു മുന്നോട്ടു എന്ന് മാത്രം ചിന്തിക്കുക. ദൈവം നമുക്ക് തന്നതിനെ പറ്റി മാത്രം ഓര്‍ക്കുക. തിരിച്ചെടുത്തതിനെപ്പറ്റി ചിന്തിക്കേണ്ട.നമുക്കായി ഈശ്വരന്‍ കണ്ടു വച്ചിരിക്കുന്ന നിയോഗം, മറ്റൊന്നാവും.... എല്ലാ ആശംസകളും.

വെള്ളത്തിലാശാന്‍ said...

അങ്ങനെയുള്ളവര്‍ക്ക് ഏറ്റവും ആത്മവിശ്വാസം നല്‍കേണ്ടത് കുടുംബങ്ങങ്ങളും സുഹൃത്തുക്കളും ആണ്.. ഏതൊരാള്‍ക്കും അങ്ങനെയുള്ള അവസ്ഥയില്‍നിന്നും മടങ്ങി വരവുന്നതെ ഉള്ളൂ...

ഒരു നുറുങ്ങ് said...

ജിത്തൂ,ജീവിതം തന്നെ ഒരുപരീക്ഷണമാണ്‍...
ഈ ലോകം പരീക്ഷണശാലയും...
തന്‍റെ ചുറ്റുമുള്ളവര്‍ക്ക് ഒരു സാന്ത്വനമായി
ജീവിക്കാന്‍ കഴിഞ്ഞാല്‍ ഈ ജീവിതം
സാര്‍ത്ഥകമായി...
അന്യരുടെ വേദനകള്‍ ഏറ്റുവാങ്ങുന്നവന്‍
സ്വന്തം വേദനകള്‍ മാധുര്യമേ നല്‍കൂ..!
മന:സ്സംതൃപ്തിയും അപ്പോഴേ ഉണ്ടാവൂ..
ജീവിതം മധുരമുള്ളതാക്കൂ,ഇച്ഛാശക്തിയും
മന:സ്സാന്നിദ്ധ്യവും കൈവിടാതെ മുന്നോട്ട്....
ഇനിയും വരാം...ഭാവുകങ്ങള്‍.

ഹംസ said...

തീര്‍ച്ചയായും ജിത്തു പറഞ്ഞത് ശരി തന്നെ.

ഭായി said...

ഒരുത്തന്‍ പനിച്ച് ആശുപത്രിയില്‍ കിടന്നാല്‍പ്പോലും അവനെ നോക്കാന്‍ പോയിട്ട് പറഞ് പേടിപ്പിച്ച് അവസാനം അവനെ ക്ഷയരോഗി ആക്കിയിട്ട് തിരിച്ചുപോരുന്ന ആള്‍ക്കാരാണ് ഒട്ടുമുക്കാലും!

നന്നായി എഴുതി.

ഒ ടൊ: വലതു സൈഡിലെ വികൃതി കുട്ടന്മാരെ ഒന്നു നോക്കി! അവര്‍ എന്നെയും നോക്കി! രണ്ടാമത്തെ കുട്ടന്റെ നോട്ടം അല്പം വശപിഷക്..കടിക്കുന്നതിന് മുന്‍പ് തിരിച്ച് പോകുവാ..വിശമം തോന്നരുത്...

സിനു said...

ജിത്തൂ..നല്ലൊരു പോസ്റ്റ്‌
ജിത്തു പറഞ്ഞത് വളരെ ശെരിയാണ്.

Jishad Cronic™ said...

നന്നായി എഴുതി...

കുമാരന്‍ | kumaran said...

ഈ കാരുണ്യം എന്നുമുണ്ടാവട്ടെ.

കൂതറHashimܓ said...

വരാന്‍ വൈകി
വന്നപ്പോ സന്തോഷായി.
ഞാന്‍ പോലും ഓര്‍മിക്കാത്ത എന്റെ ചില വാക്കുകള്‍, അതാണ് അവന്റെ പുതു ജീവന് കാരണം എന്ന് സനൂപ് പറഞ്ഞപ്പൊ എനിക്ക് തോന്നിയ സന്തോഷം. ബൈക്ക് ആക്സിഡെന്റ് ആയി ഓര്‍മകള്‍ കുറച്ചു ദിവസതേക്ക് നശിച്ച് പോയ എനിക്ക് അതേ അവസ്ഥയിലായ സനൂപിനു നല്‍കാന്‍ പ്രതീക്ഷകള്‍ മാത്രേ ഉണ്ടായിരുന്നുള്ളൂ... ഓര്‍മകള്‍ നശിച്ച് പോയാല്‍ ഉണ്ടാവുന്ന അവസ്ഥ.. അതെനിക്ക് ശരിക്കും അറിയാമായിരുന്നു!!
പ്രതീക്ഷകള്‍ ഒന്ന് മാത്രാ എന്നേയും സനൂപിനേയും പുതു ജീവിതത്തിലേക്ക് എത്തിച്ചത്
മാഷായിരുന്ന സനൂപ് പിച്ചും പേയും പറയുന്നത് കേട്ട് സങ്കടപെട്ട് നിറകണ്ണുകളോടെ ഞാനും അവനെ നോക്കി നിന്നിരുന്നെങ്കില്‍...........!!
വേണ്ടാ സഹതാപം ആര്‍ക്കും വേണ്ടാ ... നിസ്വാര്‍ത്ഥമായ സ്നേഹം മാത്രം കൈമാറാം നമുക്ക്, എനിക്കും അതു മാത്രം മതി
എന്റെ മുന്നില്‍ നീ നിന്ന് കരഞ്ഞാല്‍ ഞാനും കരയാന്‍ തുടങ്ങും .. ആ കറച്ചില്‍ കൊണ്ട് നിനക്കും എനിക്കും എന്തു ഗുണം...?? കരയരുത് എന്റെ മുന്നില്‍ നിന്ന്.. നിനക്ക് സഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്നെ കാണാതിരിക്കുക..!!

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

സംപല്‍മിത്രം ദുര്‍മിത്രം
ആപല്‍ മിത്രം സദ്മിത്രം
എന്നല്ലേ പഴമൊഴി!

ആഘോഷതിലേക്ക് മെല്ലെ ചെല്ലുക
ആപതിലേക്ക് ശീഖ്രവും
എന്നാല്‍ ഇന്ന് നാം കാണുന്നത് നേരെ മറിച്ചാണ്.
ആപത്തില്‍ പെടുന്നവര്‍ക്ക് -
സഹതാപമല്ല, സാന്ത്വനമാണ് വേണ്ടത്
സിമ്പതിയല്ല സഹകരണമാണ് വേണ്ടത്

പട്ടേപ്പാടം റാംജി said...

ജിത്തു പറഞ്ഞ കാര്യങ്ങളോട് ഞാന്‍ പൂര്‍ണ്ണമായും യോചിക്കുന്നു.

sm sadique said...

ചില സഹതാപത്തില്‍ നിന്നും ശക്ത്തമായ സ്നേഹം ഉത്ഭവിക്കുന്നു , സഹായവും .
ചിലത് വെറും സഹതാപമായി വെറും വാക്കിലൊതുങ്ങി അകാലത്തില്‍ അണഞ്ഞുപോകുന്നു .
ഇതിലേതായാലും നമ്മള്‍ ഇശ്ചാശക്ത്തിയോടെ മുന്നേറുക , മുന്നേറാന്‍ ശ്രമിക്കുക ..........
ജിത്തുവിന് നന്മ വരട്ടെ ......പ്രാര്‍ഥനയോടെ ..........

ഒഴാക്കന്‍. said...

കാരുണ്യ നിറകുടമേ നിന്‍ കാരുണ്യം നിറഞ്ഞ് ഒഴുകട്ടെ!

ഓഫ്:എടൊ ഈ ബാക്ക് ഗ്രൌണ്ട് കളര്‍ ഒന്ന് മാറ്റ് എന്‍റെ കണ്ണ് അടിച്ചു പോകും

Anonymous said...

ഹാഷിം ന്റെ കമന്റു കണ്ണ് നിറക്കുന്നു....അതെ ജിത്തു നിങ്ങളുടെ ഈ വാക്കുകളോട് ഞാന്‍ പുര്‍ണമായി യോജിക്കുന്നു .." നിങ്ങളുടെ ജീവിത യാത്രയിലും ഇത്തരത്തില്‍ വിധിയുടെ ക്രൂരതക്ക് ഇരയായവരെ കണ്ടു മുട്ടിയേക്കാം. നിങ്ങള്‍ സഹതാപ വാക്കുകള്‍ പറഞ്ഞു അവരെ മാനസികമായി തളര്‍ത്താതിരിക്കുക . നിങ്ങളുടെ വാക്കുകള്‍ അവര്‍ക്ക് ഊര്‍ജ്ജം പകരുന്നതാകട്ടെ! അവരെ ഒന്നില്‍ നിന്നും മാറ്റി നിര്‍ത്താതിരിക്കുക, താന്‍ ഒറ്റപ്പെടുന്നു എന്ന തോന്നല്‍ അവര്‍ക്ക് വരുത്താതിരിക്കുക , വിധിയോട് പൊരുതി ജീവിക്കാന്‍ അവരെ പ്രേരിപ്പിക്കുക."...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ജിത്തു... പറയാന്‍ വാക്കുകളില്ല..